Sunday, October 09, 2011

കുറ്റവും ശിക്ഷയും
കത്തുള്ളവയെ പുറത്തെടുത്ത് കുടഞ്ഞെറിഞ്ഞ് -
സൂത്രം പണിയാന്‍ എന്നെ സഹായിച്ചിരുന്നു
അകലെയുള്ള കാഴ്ചകളുടെ സുതാര്യത-
എനിക്ക് മുമ്പിലെത്തിച്ചിരുന്നു.

പഠിക്കാനും പറയാനും വരക്കാനും ചിരിക്കാനും
സ്നേഹിക്കാനും ദ്രോഹിക്കാനും തിന്നാനും കുടിക്കാനും-
എന്തിന്,
വെയിലായും നിഴലായും രാവില്‍ തണുത്ത മഴനൂലായും
മിഴികളിലുതിരും കണ്ണീരായും എന്റെ കൂടെയുണ്ടായിരുന്നു.

പക്ഷെ,
ഇന്നവര്‍ ആവശ്യപ്പെടുന്നത് എന്റെയീ തലയാണ്
ഇതുകൊണ്ടാണത്രേ പലതും ഞാന്‍ ചിന്തിച്ചു പോയത്
അതാണെന്റെ പേരിലുള്ള കുറ്റവും..!

_______________________________________________________
അഭിപ്രായങ്ങള്‍ / comments

Friday, September 09, 2011

ഇല്ലാതെ പോകുന്നവ
പ്പോള്‍ എനിക്കും തോന്നിത്തുടങ്ങി,
എന്തൊക്കെയോ ഇല്ലാതെ പോകുന്നുവെന്ന്!
എന്താണെന്ന് ആലോചിക്കുംതോറും തല പുകയുന്നു
കൈകാലുകള്‍ വിറക്കുന്നു
ഭ്രാന്ത് പിടിക്കുന്നു.

ഇപ്പോള്‍ ഞാനുമറിയുന്നു,
ഇല്ലാതെ പോകുന്നതൊക്കെ എനിക്ക് മാത്രമല്ലെന്ന്
എന്നെപ്പോലുള്ള അനേകര്‍ക്ക്
എന്നെക്കാള്‍ ആവശ്യങ്ങള്‍ അധികമുള്ളവര്‍ക്ക്
എന്നോളം ചെറുതല്ലാത്ത പലര്‍ക്കും പലപ്പോഴും..

ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്
എന്തൊക്കെ നഷ്ട്ടപ്പെട്ടു എന്നാണ്.

മതം..
ദൈവം..
വിശ്വാസം..
സ്നേഹം..
സൌഹാര്‍ദം..
വാല്‍സല്യം...
കൂടപ്പിറപ്പിനെ പോലും കാണാനുള്ള കാഴ്ചയും
കൂട്ടത്തിലുള്ളവരുടെ കൈ പിടിക്കാനുള്ള സന്‍മനസും!

ഇന്ന്,
എന്റെ നാല് വയസുള്ള മോനോട് അയല്‍ ഫ്ലാറ്റിലെ രഞ്ജിനി-
ഓണാശംസകള്‍ പറഞ്ഞു.
അതെന്താണെന്ന് മോന്‍!
എനിക്ക് പറയാന്‍ ശരിയായൊരു ഉത്തരമില്ല.
ഉണ്ടായിരുന്ന ഉത്തരങ്ങളൊക്കെ കാലം കൊണ്ട് പോയി.

പൂക്കള്‍ക്ക് വളരാന്‍ മണ്ണില്ല
പൂക്കളമിടാന്‍ മുറ്റമില്ല
ഊഞ്ഞാല് കെട്ടാനുള്ള കയറില്‍ കര്‍ഷകര്‍ തൂങ്ങിയാടി
ഉരുളച്ചോറില്‍ സര്‍വത്ര മായം
സദ്യ ഒരുക്കാന്‍ സമയമില്ല
'ഓണസദ്യ' വിറ്റ്‌ ഹോട്ടലുകാര്‍ ഏമ്പക്കമിട്ടു
മനുഷ്യര്‍ മനുഷ്യനെ മറന്നു തുടങ്ങി...
എങ്കിലും,
പറയാതിരിക്കുന്നതെങ്ങനെ!

"ഹൃദയംനിറഞ്ഞ ഓണാശംസകള്‍ "
________________________________________________

അഭിപ്രായങ്ങള്‍ / Comments
Sunday, July 31, 2011

ചിരി മാഹാത്മ്യം
ഹോട്ടലില്‍ ബിരിയാണി ചിരിക്കുന്നത് 
പച്ച നോട്ടിന്റെ തിളപ്പ് കണ്ടിട്ടല്ല
പട്ടിണി കിടക്കുന്നവന്റെ ഒട്ടിയ വയറ് കണ്ടിട്ടാണ് !
അത് ചിരിയാണെന്ന് കരുതിയെങ്കില്‍ തെറ്റി.
നെറികെട്ട, കൊഴുപ്പുള്ളൊരു പരിഹാസമാണത്

ബേക്കറിയിലെ കണ്ണാടിക്കൂട്ടിനകത്തുനിന്നും പ്രസരിക്കുന്ന-
പൊട്ടിച്ചിരി,
പഞ്ഞം കിടക്കുന്നവന്റെ കുഴിഞ്ഞ കണ്ണുകള്‍ കണ്ടിട്ടാണ് !
മഞ്ഞയും ചുവപ്പും കലര്‍ന്ന വെറും ഇളിച്ചുകാട്ടലുകളാണത്

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത് 
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.
അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്
അത് ചിരിയല്ല
ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് !

മൂക്കുമുട്ടെ തിന്നുകൊഴുത്ത്, നീലനിറം വന്ന നിങ്ങള്‍ -
മഹാന്‍മാര്‍ !
നിങ്ങളുടെ ഹൃദയം മോഹങ്ങള്‍ നല്‍കുമ്പോള്‍
പാവം ഈച്ചകള്‍ ചിരിക്കുന്നത്,
നിന്നിടത്തുനിന്നും നിങ്ങള്‍ വിസര്‍ജ്ജിക്കുന്നത് കണ്ടിട്ടാണ്.
_______________________________________________
// നമുക്ക് ചുറ്റും എത്രയെത്ര പട്ടിണി മരണങ്ങള്‍ //

അഭിപ്രായങ്ങള്‍ 
Sunday, July 24, 2011

എവിടെയെന്‍ ഹൃദയം ?
നാട്ടില്‍ - 
മന്ത്രി:       എവിടെയെന്‍  സിംഹാസനം?
ഭാര്യ :        കൊത്തി ഞാനത് വിറകാക്കി.

കാട്ടില്‍ -
വേട്ടക്കാരന്‍ :   "എവിടെയെന്‍ പുള്ളിമാന്‍ ?"
ഭാര്യ :                 "അതിനെ വിറ്റ് അരി വാങ്ങി"

വീട്ടില്‍ -
ഭര്‍ത്താവ് :  "എവിടെയെന്‍ മൊബൈല്‍ ഫോണ്‍ ?"
ഭാര്യ  :           "മോളതില്‍ കിന്നരിക്കുന്നു..."

റോഡില്‍ -
വഴിപോക്കന്‍ :  "വേണമായിരുന്നു അല്പം വെള്ളം"
കടയുടമ :           "കാശുണ്ടോ കയ്യില്‍ "

ഏട്ടില്‍ -
കവിത :       "എവിടെ മനുഷ്യ ഹൃദയം ?"
പുറംചട്ട :     "ഇവിടെയുണ്ട്  എനിക്കുള്ളില്‍ "


അഭിപ്രായങ്ങള്‍ 
 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana