Thursday, March 17, 2016

ഉടല്‍ പോയ കവിതകള്‍


ഈ കുറിപ്പ് നിനക്കുതന്നെ കിട്ടുമെന്ന് എനിക്കറിയാം
ഞാനിപ്പോള്‍ ചിറകറ്റ പക്ഷിയാണ്
മരിച്ചിട്ടും മരിക്കാതെ നിന്‍റെ വിരല്‍സ്പര്‍ശത്തിനായി
കൊതികൂടി നില്‍ക്കുന്ന ഒരു കിളി

ഞാന്‍ പാടുമ്പോള്‍ നിന്‍റെ പേരിന്‍റെ ഈണങ്ങള്‍
ശ്വാസവായുപോലെ പുറത്തെ ചൂടുകാറ്റിലേക്ക് പടരുന്നു
മണല്‍ത്തിട്ടകള്‍ ഇളകുന്നു, മഴ പെയ്യുന്നു
മഴയിലെന്‍ മുടിയിഴകള്‍ പൊഴിയുന്നു

നീ ജനിച്ചതേ എനിക്കു വേണ്ടിയായിരുന്നു
നിന്നെപ്പുണരാനാണ് ഞാനീ മുതുകില്‍  കുരിശ്ശേറ്റിയത്
മരുച്ചൂടില്‍ ആരും കാണാതെ യുദ്ധം ചെയ്തത്
ഉടല്‍ കീറിമുറിച്ച് ഉപ്പു പുരട്ടിയത്
എന്നിട്ടും ഈ കടല്‍ത്തീരത്ത് ആത്മാവൊഴിഞ്ഞ ഒരു കൂടാരമായി
ഞാനും എന്‍റെ കവിതകളും ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു..

Comments/അഭിപ്രായങ്ങള്‍
Saturday, April 04, 2015

പൊരിവെയിലിലൊരു ഭ്രാന്തന്‍ മഴ


നിനക്കു നേരെ കണ്ണുകള്‍ പായിച്ചു
മുന്നോട്ടു നടക്കുമ്പോള്‍ പിറകില്‍ പെയ്യാന്‍ വിതുമ്പി
ഒരു മഴമേഘം എന്നെനോക്കി നെടുവീര്‍പ്പിട്ടു

പനിയായ് തഴുകിയും പതിവായ്‌ വിളിച്ചുണര്‍ത്തിയും
തല നനക്കും പേമാരിയായും കൂടെനടന്നൊരു ബാല്യകൌതുകം
ഇടവഴിയിലെ കലക്കവെള്ളത്തില്‍ പരല്‍മീനിനെ തിരഞ്ഞു-
നിരാശപൂണ്ട് മാറിടത്തില്‍നിന്നും മുടിക്കെട്ടെടുത്തു
പിറകിലേക്കെറിഞ്ഞു ചവിട്ടിത്തുള്ളി-ക്കടന്നുപോയപ്പോഴും
അരികില്‍ നീയുണ്ടെന്ന തോന്നലായിരുന്നു..

പിന്നെവന്ന ഗസലുകള്‍ക്കെല്ലാം നിന്റെ പേരും
നിലാവിന്റെ തിളക്കമുള്ള പുഞ്ചിരിയും മൊഞ്ചും
നിന്റെ മണവും

നീ പോയ രാവും മഴപെയ്തു
'പ്രണയം' 'പ്രണയം' എന്നലറിക്കരഞ്ഞൊരു ഭ്രാന്തന്‍ മഴ!
പിന്നീടു ഞാന്‍ ജീവന്‍ പൊട്ടിമുളയ്ക്കാന്‍ പറ്റിയൊരു പച്ചപ്പും 
തേടിയലഞ്ഞു പൊരിവെയിലിലീ മരുഭൂവിലേക്കു പോന്നു!
Saturday, December 13, 2014

നിനക്കുള്ള ചോദ്യം


ഒരു ചോദ്യത്തിന് പോലും പ്രിയനേ
നിന്നെ-യുരുക്കാന്‍ കഴിഞ്ഞിട്ടില്ല
നിനക്കുവേണ്ടി ഞാനുരുകുമ്പോഴും വെയിലേല്‍ക്കാതെ നീ
മാറിനിന്നതാണോ നിനക്കുള്ളിലേ-യെന്‍ ജീവന്‍!

ഒരു മഴക്കുപോലും നിന്നെ നനക്കാനായിട്ടില്ല
ഒരു തീയും നിനക്കുചാരേക്കുയര്‍ന്നു-പൊങ്ങിയിട്ടില്ല
അഗ്നിക്കും ജലത്തിനും ആര്‍ത്തിരമ്പും കടലിനും
പിടികൊടുക്കാതെ ഞാനിവിടംവരെ നിന്നെ...

ഇനി നീയൊരൊറ്റമരംപോല്‍ പെയ്യണം, ഇടിമിന്നലായി-
പെയ്തു തീരണം, നിനക്കുവേണ്ടി.. നിന്റെ ജീവനുവേണ്ടി..
'നമുക്കിടയിലെ മൌനം ഇനിയുമെത്രനാള്‍ നീണ്ടുപോകു'മെന്നത്
എനിക്കു നിന്നോടുള്ള അവസാനത്തെ ചോദ്യമാകുന്നു

അഭിപ്രായങ്ങള്‍ / Comments

Friday, June 21, 2013

രാപ്പനി


പനിപിടിച്ചു ഞാന്‍ മരിച്ചുറങ്ങുമീ
പുതപ്പിനുള്ളിലെക്കിറങ്ങിയോ മഴ!
ചുവന്ന കുപ്പിയില്‍ വെളുത്ത ദ്രാവകം
ചുമച്ചുതുപ്പുമീ കയ്പ്പു    ജീവിതം

വിശപ്പു തീര്‍ന്നുവോ കഴിച്ച നാവിലെ
നശിച്ച വാക്കുകള്‍ കരിഞ്ഞുണങ്ങിയോ
പനിപിടിച്ചൊരാള്‍ മരിച്ചുപോയെന്നു
പരിഭവിക്കുന്നു ചാനലില്‍ സുന്ദരി

പനിക്കു കാരണം വകുപ്പ് മന്ത്രിയോ;
"പണി കൊടുക്കണം കൊടിയെടുക്കുവിന്‍","
"കടയടക്കണം തല പൊളിക്കണം"
"പടയൊരുക്കണം തീ കൊളുത്തെടോ.."

പനിപിടിച്ചൊരെന്‍ നനഞ്ഞ നെറ്റിയില്‍
പടര്‍ന്നു കേറുമീ നരച്ച ക്രോധവും
വരണ്ടുണങ്ങിയ കറുത്ത ചുണ്ടിലേ-
യ്ക്കരിച്ചു പൊങ്ങുമീ വറുത്ത വാക്യവും

തുടിക്കുമെന്‍ മനം തിണര്‍ത്തു പൊള്ളുവാന്‍,
തുടുത്ത നെഞ്ചിലേക്കുതിര്‍ന്നു വീഴുവാന്‍
എരിഞ്ഞ ഹൃത്തിനാല്‍ തിളച്ച വാക്കിനാല്‍
എടുത്തുമാറ്റുകീ പനിച്ച പെണ്ണിനെ.
_____________________________________________
Comments അഭിപ്രായങ്ങള്‍ 


Thursday, December 20, 2012

തെരുവ്ഇരുട്ടില്‍ നിറംമങ്ങി
കാഴ്ച നഷ്ടപ്പെട്ട് ഭീതി പടര്‍ത്തുന്ന-
എന്‍റെയീ തെരുവിന് പീഡനത്തിന്‍റെ ദുര്‍ഗന്ധമാണ്.

മാത്രമോ,
പാതയോരം നിറയെ കമിതാക്കള്‍ വലിച്ചെറിഞ്ഞ-
കടലാസ് തുണ്ടുകള്‍
കാലികള്‍ ചവച്ചുതുപ്പിയ ബീഡിക്കുറ്റികള്‍
ഉറകള്‍ , മുഖംമൂടികള്‍ , നാപ്ക്കിനുകള്‍
തകര്‍ന്ന കപ്പുകളും സ്വപ്നങ്ങളും
കലങ്ങിത്തെളിഞ്ഞ പ്ലെയിറ്റുകള്‍
ചോരപുരണ്ട കത്തികള്‍
ഇരുണ്ട് കരുവാളിച്ച മുഖങ്ങള്‍
ആര്‍ക്കും വേണ്ടാത്തൊരായിരം  തലകള്‍
പകല്‍മാന്യന്മാര്‍ വലിച്ചെറിയുന്ന-
ഫണമുയര്‍ത്തും ഇരുകാലി വിഷ സര്‍പ്പങ്ങള്‍

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!
________________________________________
അഭിപ്രായങ്ങള്‍ / Comments

Friday, September 07, 2012

പ്രതീക്ഷ...!!!


പ്രതീക്ഷയുണര്‍ത്തി  നീ വീണ്ടു
മെന്നില്‍  നിറയുന്നു..
അകലെയെങ്ങോ  കേട്ട  ഒരു കാലൊച്ച..
അടുത്തടുത്തു  വരുന്ന 
ഒരു മൂളിപ്പാട്ടിന്റെ  തേനിംമ്പം..
കാത്തിരിപ്പിന്റെ  മധുര  നൊമ്പര
ത്തോളം  മോഹനമായി  മറ്റെന്തുണ്ട്..!
കിനാവുകളുടെ  ആരാമം  
അകതാരില്‍  കിളിര്‍ത്തു  വരുന്നത് 
പൊടുന്നനെയാണ്...
വെയിലത്ത്‌  വാടാതെ  
മഴയില്‍  നനഞ്ഞു  കുതിരാതെ 
അത്  നിനക്കായ്‌  കാത്തു  വെക്കുന്നു...
ഒരു  പൂവിതള്‍..
പക്ഷെ... നീ  ഒരിക്കലും   വരുന്നില്ല...
അകന്നു  പോകുന്ന   ആ  പദ
നിസ്വനം   നിന്റെതല്ലെന്നു  വിശ്വസി
ക്കാനാനെനിക്കിഷ്ടം...!  
Friday, August 17, 2012

രൂപാന്തരംഇരുണ്ട   ചുവപ്പ് നിറമുള്ള  ചോര..
അതും  കരളില്‍ നിന്നുതിരുന്നത് 
തന്നെ  വേണമെന്ന്  നിര്‍ബന്ധം.
ഗര്‍ഭ  പാത്രത്തിന്റെ  കണക്കുകള്‍ 
പറഞ്ഞു, സ്നേഹത്തിന്റെ  മുദ്ര  പത്രത്തില്‍ 
കയ്യൊപ്പ്  ചാര്‍ത്തിച്ചു   അവര്‍..
അനുയോജ്യര്‍  ഈ  ഇണകള്‍  എന്ന് 
കാണികളുടെ  സാകഷ്യ പത്രം..
ഇതുപോലൊന്ന്  ഇനി 
കിട്ടില്ലെന്ന്  രക്ത  ബന്ധത്തിന്റെ  
ഉഷമളതയില്‍ ഉറ്റവര്‍  
ഒടുവില്‍  കഴുത്തിന്റെ  
സ്വര്‍ണ  കുരുക്കിന്റെ  തിളക്കം..
അത് കഴിഞ്ഞു , മണിയറ യിലെ 
ജനലഴികളില്‍  പിടിച്ചു ,
ജയില്‍ പുള്ളിയെ പോലെ  അവള്‍ 
പുറത്തേക്കു  നോക്കി നിന്നു...!!!
 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana